News >> മെത്രാന്മാരുടെ ഭോപാല്‍ സമ്മേളനവും ക്രിയാത്മകമായ തീരുമാനങ്ങളും
Source: Vatican Radioഭോപാലില്‍ സമ്മേളിച്ച ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ സംഗമം കുടുംബങ്ങളെ സംബന്ധിച്ച ക്രിയാത്മകമായ തീരുമാനങ്ങളുമായി സമാപിച്ചു. "കുടുംബങ്ങളില്‍ സ്നേഹത്തിന്റെ സ്ന്തോഷം വളര്‍ത്താന്‍," എന്ന പ്രമേയവുമായി എട്ട് ദിവസത്തേയ്ക്കു ചേര്‍ന്ന മെത്രാന്മാരുടെ ദേശീയ സംഗമം ഫെബ്രുവരി 8-Ɔ൦ തിയതി ബുധനാഴ്ച രാവിലെയാണ് സമാപിച്ചത്.ഇന്നിന്റെ ക്ലേശപൂര്‍ണ്ണമായ സാമൂഹിക ജീവിതപരിസരങ്ങളില്‍ കത്തോലിക്ക കുടുംബങ്ങളെ തുണയ്ക്കാനുള്ള ക്രിയാത്മകമായ തീരുമാനങ്ങള്‍ പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണ്, മുംബൈ അതിരൂപതാദ്ധ്യക്ഷന്‍, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന 182 മെത്രാന്മാരുടെ ദേശീയ സമ്പൂര്‍ണ്ണ സമ്മേളനം സമാപിച്ചത്.ജീവന്റെ സംസ്ക്കാരം വളര്‍ത്താന്‍ പോരുന്ന കുടുംബങ്ങള്‍ക്കായുള്ള അജപാലന പരിപാടികള്‍, വിവാഹജീവിതത്തിന് ഒരുക്കമായുള്ള ക്ലാസ്സുകളുടെ കാലികമായ മെച്ചപ്പെടുത്തല്‍, അജപാലന സന്ദര്‍ശനത്തിലൂടെ കുടുംബങ്ങളെ തുണയ്ക്കാനുള്ള ക്രമീകരണങ്ങള്‍, വിവാഹമോചനം, മിശ്രവിവാഹം, റെജിസ്റ്റേര്‍ഡ് വിവാഹം, എന്നിവയാല്‍ കെട്ടുപിണഞ്ഞു കിടക്കുന്ന കുടുംബബന്ധങ്ങളെ തുണയ്ക്കാനുള്ള അജപാലന ക്രമീകരണങ്ങള്‍, കുടുംബ പ്രേഷിതത്ത്വത്തിന്റെ നവീകരണം, ദാരിദ്ര്യം, കുടുംബപ്രശ്നങ്ങള്‍, മുറിപ്പെട്ട മാതാപിതാക്കള്‍, വൈകല്യമുള്ള കുട്ടികള്‍, എന്നിങ്ങനെ വിവിധ കാരണങ്ങളാല്‍ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുടുംബങ്ങളെ സഹായിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയാണ് ഫെബ്രുവരി 1-ന് ആരംഭിച്ച് 8-ന് സമാപിച്ച സംഗമം എടുത്ത പ്രായോഗികമായ തീരുമാനങ്ങള്‍.പാപ്പാ ഫ്രാന്‍സിസ് പ്രബോധിപ്പിച്ച കുടുംബങ്ങളെ സംബന്ധിച്ച, സ്നേഹത്തിന്റെ ആനന്ദം Amoris Laetitia എന്ന അപ്പസ്തോലിക പ്രബോധനമായിരുന്നു ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും ആധാരം.പ്രായോഗിക നിര്‍ദ്ദേശങ്ങളുടെ കരടുരൂപം നിജപ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ സമ്മേളനം പ്രവര്‍ത്തക സമിതിയെ രൂപപ്പെടുത്തിയിട്ടുണ്ടെന്ന് സി.സി.ബി.ഐ.യുടെ ജനറല്‍ സെക്രട്ടറി, ഫാദര്‍ സ്റ്റീഫന്‍ ആലത്തറ അറിയിച്ചു.