News >> കാലത്തിന്‍റെ അടയാളങ്ങള്‍ വായിക്കുക, സമയത്ത് പ്രവര്‍ത്തിക്കുക


Source: Vatican Radio

മാനുഷിക ഗുണങ്ങളെ ഇല്ലായ്മചെയ്യുന്ന പ്രക്രിയയ്ക്ക് തുടക്കമിടുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ കാലത്തിന്‍റെ അടയാളങ്ങള്‍ വായിച്ച് തക്കസമയത്ത് വേണ്ട നടപടികള്‍ സ്വീകരിക്കാത്ത പക്ഷം അത് ദുഷ്ക്കരമായിത്തീരുമെന്ന് മാര്‍പ്പാപ്പാ മുന്നറിയിപ്പുനല്കുന്നു.

അമേരിക്കന്‍ ഐക്യനാടുകളില്‍, കാലിഫൊര്‍ണിയായില്‍ സംഘടിപ്പിക്കുപ്പെട്ടിരിക്കുന്ന, ജനകീയ പ്രസ്ഥാനങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിനയച്ച സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ക്രൈസ്തവരുടെയും സന്മനസുള്ള സകലരുടെയും ഗൗരവതരമായ ഈ ഉത്തരവാദിത്വത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നത്. 12 രാജ്യങ്ങളില്‍ നിന്നായി 700 ഓളം പേര്‍ പങ്കെടുക്കുന്ന വ്യാഴാഴ്ച ആരംഭിച്ച ഈ സമ്മേളനം ശനിയാഴ്ച സമാപിക്കും.(16-18/02/2017)

മണ്ണ്, തൊഴില്‍, പാര്‍പ്പിടം എന്നിവയ്ക്കായുള്ള എല്ലാവരുടെയും അവകാശങ്ങള്‍ ആദരിക്കപ്പെടുന്നതിനായി പരിശ്രമിക്കുന്ന ജനകീയ പ്രസ്ഥാനങ്ങള്‍ക്കും അവയോടു സഹകരിക്കുന്നവര്‍ക്കും പാപ്പാ പ്രചോദനം പകരുന്നു ഈ സന്ദേശത്തില്‍.

ഏതാനും കുറച്ചു പേര്‍ക്ക് മാത്രം സുസ്ഥിതി ഉറപ്പുനല്കുന്നതായ അദൃശ്യ ധനസ്വേച്ഛാധിപത്യത്തെ താങ്ങിനിറുത്തുന്നതിനായി മാനവകുടുംബത്തിന് വലിയ സഹനങ്ങളേകുകയും മനുഷ്യവ്യക്തിയുടെ ഔന്നത്യത്തെയും പൊതുഭവനത്തെയും ആക്രമിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതി പഴക്കമേറിയതാണെന്ന വസ്തുത അനുസ്മരിക്കുന്ന പാപ്പാ, സമയം പാഴാക്കാതെ അതിനെതിരെ പ്രവര്‍ത്തിക്കേണ്ടത് ഗൗരവമേറിയ ഉത്തരവാദിത്വമാണെന്ന് പറയുന്നു.

പണത്തെ ദൈവമാക്കി കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന ഒരു സമ്പദ്ഘടന നിഷ്ടൂരമാം വിധം മുറിവേല്പിക്കുന്നുവെന്നും വേദനിക്കുന്നവനെ തൊട്ടു സുഖമാക്കാന്‍ ശ്രമിക്കാതെ ആഗോളവത്കൃത സമൂഹം അവനെ രാഷ്ട്രീയ ശരികളുടെയും നവീന ആദര്‍ശങ്ങളുടെയും മറപിടിച്ച് നോക്കുകമാത്രം ചെയ്യുന്നുവെന്നും സാമൂഹ്യമായ മുറിവുകള്‍ സൗഖ്യമാക്കുന്നതിന് ആസൂത്രിതമായി ഒന്നും ചെയ്യുന്നില്ലയെന്നും പാപ്പാ കുറ്റപ്പെടുത്തുന്നു.

കവര്‍ച്ചക്കാരാല്‍ ആക്രമിക്കപ്പെട്ട് വഴിയോരത്തുകിടന്നയാളുടെ മുറിവുകള്‍ വച്ചുകെട്ടി സത്രത്തില്‍ കൊണ്ടു പോയി ചികിത്സാസൗകര്യങ്ങള്‍ ചെയ്തുകൊടുത്ത നല്ല സമറയക്കാരന്‍റെ ഉപമയെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ ആ നല്ല സമറായന്‍റേതില്‍ നിന്ന വിഭിന്നമായ ഈ കപട മനോഭാവം നരകുലത്തോടുള്ള യഥാര്‍ത്ഥ പ്രതിജ്ഞാബദ്ധതയുടെ അഭാവമാണെന്നും ഇന്നല്ലെങ്കില്‍ നാളെ നിസ്സംഗതയുടെതായ ഈ ധാര്‍മ്മികാന്ധത പുറത്താകുമെന്നും പാപ്പാ പറയുന്നു.

ചില വിഭാഗങ്ങളെ ഭീകരരെന്നു മുദ്രകുത്തുന്ന പ്രവണതെയുക്കുറിച്ചും സൂചിപ്പിക്കുന്ന പാപ്പാ ഭീകരപ്രവര്‍ത്തന മതങ്ങളില്ലെന്നും എന്നാല്‍ മൗലികവാദികളും അക്രമാസക്തരുമായ വ്യക്തികളാണുള്ളതെന്നും വിശദീകരിക്കുന്നു.

ഭീകരപ്രവര്‍ത്തനങ്ങളെ സ്നേഹം കൊണ്ടും സമാധാനോന്മുഖ പ്രവര്‍ത്തനം കൊണ്ടുമാണ് നേരിടേണ്ടതെന്നും പാപ്പാ ഓര്‍മ്മിപ്പിക്കുന്നു.
NEWS & EVENTS