News >> സ്വാര്‍ത്ഥന്‍ മനോഹരമായവയെപ്പോലും നശിപ്പിക്കുന്നു - പാപ്പാ


Source: Vatican Radio

ഈ ബുധനാഴ്ചയും (22/02/17)  ഫ്രാന്‍സീസ് പാപ്പായുടെ പ്രതിവാരപൊതുദര്‍ശനം വത്തിക്കാനില്‍ അരങ്ങേറി. ശിശിരകാലത്തെ പതിവനുസരിച്ച് ഏതാനും ആഴ്ചകളില്‍ കൂടിക്കാഴ്ചാവേദി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയ്ക്ക് സമീപത്തുള്ള പോള്‍ ആറാമന്‍ ശാലയായിരുന്നുവെങ്കില്‍, ശൈത്യം വിടപറയാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍, ഇത്തവണ കൂടിക്കാഴ്ച വിശുദ്ധ പത്രോസിന്‍റ ബസിലിക്കയുടെ അങ്കണത്തില്‍ വച്ചായിരുന്നു. റോമാനഗരം രാവിലെ കാര്‍മ്മേഘാവൃതമായിരുന്നെങ്കിലും മലയാളികളുള്‍പ്പടെ, വിവിധരാജ്യക്കാരായിരുന്ന, നിരവധിപ്പേര്‍ ചത്വരത്തില്‍ സന്നിഹിതരായിരുന്നു. 2016 ജൂലൈ ഒന്നിന് ബംഗ്ലാദേശിന്‍റെ   തലസ്ഥാനനഗരിയില്‍, ഡാക്കയില്‍, ഉണ്ടായ ഭീകരാക്രമണത്തിന് ഇരകളായവരില്‍      ഉള്‍പ്പെട്ട ഇറ്റലിക്കാരുടെ കുടുംബാംഗങ്ങളുമായി പോള്‍ ആറാമന്‍ ശാലയില്‍ വച്ചു   നടത്തിയ കൂടിക്കാഴ്ചാനന്തരമാണ്  പൊതുദര്‍ശനം അനുവദിക്കുന്നതിനായി പാപ്പാ ചത്വരത്തില്‍ എത്തിയത്. വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പാ പുഞ്ചിരിയോടെ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും അംഗരക്ഷകര്‍ തന്‍റെ പക്കലേക്കു കൊണ്ടുവന്ന കുഞ്ഞുങ്ങളെ വണ്ടി നിറുത്തി ആശീര്‍വ്വദിക്കുകയും ചെയ്തു. ജനങ്ങളെ വലംവച്ച പാപ്പാ വേദിക്കടുത്തുവച്ച് വാഹനത്തില്‍ നിന്നിറങ്ങുകയും സാവധാനം നടന്ന് വേദിയിലേക്കു കയറുകയും ചെയ്തു. റോമിലെ സമയം രാവിലെ 09.45 ഓടെ ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.15 ഓടെ പാപ്പാ ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു.തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗപാരായണമായിരുന്നു

"സമസ്ത സൃഷ്ടികളും ഒന്നുചേര്‍ന്ന് ഇതുവരെയും ഈറ്റുനോവനുഭവിക്കുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നു എന്ന് നമുക്കറിയാം.23 സൃഷ്ടി മാത്രമല്ല, ആത്മാവിന്‍റെ   ആദ്യഫലം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പാകുന്ന പുത്രത്വലബ്ധി പ്രതീക്ഷിച്ചുകൊണ്ട് ആന്തരികമായി വിലപിക്കുന്നു.24 ഈ പ്രത്യാശയിലാണ് നാം രക്ഷപ്രാപിക്കുന്നത്. കണ്ടുകഴിഞ്ഞാല്‍ പിന്നെ പ്രത്യാശ പ്രത്യാശയല്ല. താന്‍ കാണുന്നതിനെ ഒരുവന്‍ എന്തിനു പ്രത്യാശിക്കണം. 25 എന്നാല്‍ കാണാത്തിനെയാണു നാം പ്രത്യാശിക്കുന്നതെങ്കില്‍ അതിനുവേണ്ടി നാം സ്ഥിരതയോടെ കാത്തിരിക്കും.26 നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്ന്  നമുക്കറിഞ്ഞുകൂടാ. എന്നാല്‍ അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു". റോമാക്കാര്‍ക്കുള്ള ലേഖനം, അദ്ധ്യായം 8, വാക്യങ്ങള്‍ 22 മുതല്‍ 26 വരെ.

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് താന്‍ പ്രതിവാര പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു.

പ്രഭാഷണസംഗ്രഹം താഴെ ചേര്‍ക്കുന്നു:                        

 സൃഷ്ടി നമ്മുടെ സ്വന്തമാണെന്ന്, ആര്‍ക്കും കണക്കുകൊടുക്കാതെ യഥേഷ്ടം നമുക്കു ചൂഷണം ചെയ്യാനുള്ള നമ്മുടെ സ്വത്താണെന്ന്, ചിന്തിക്കാന്‍ നാം പലപ്പോഴും പ്രലോഭിതരാകാറുണ്ട്. റോമാക്കാര്‍ക്കുള്ള ലേഖനം എട്ടാം അദ്ധ്യായം 19 മുതല്‍ 27 വരെയുള്ള വാക്യങ്ങളില്‍ നാം ഇപ്പോള്‍ ശ്രവിച്ച ഭാഗത്ത് പൗലോസപ്പസ്തോലന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നതാകട്ടെ ദൈവം നമ്മുടെ കരങ്ങളില്‍ ഏല്പിച്ച വിസ്മയകരമായ ഒരു ദാനമാണ് സൃഷ്ടിയെന്നും, അവിടന്ന് അപ്രകാരം ചെയ്തത്, നമ്മള്‍ ദൈവവുമായി ബന്ധത്തിലാകുന്നതിനും അതില്‍ ദൈവത്തിന്‍റെ സ്നേഹ പദ്ധതിയുടെ മുദ്ര തിരിച്ചറിയുന്നതിനുമാണെന്നും ആ പദ്ധതിയുടെ സാക്ഷാത്ക്കാരത്തിനായി നാം അനുദിനം സഹകരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നുമാണ്.

എന്നാല്‍ സ്വാര്‍ത്ഥതയ്ക്ക് അടിമയാകുന്ന മനുഷ്യവ്യക്തി അവന് ഭരമേല്പിക്കപ്പെട്ട അതിമനോഹരങ്ങളായ വസ്തുക്കളെപ്പോലും നശിപ്പിക്കുന്ന ഒരവസ്ഥയിലെത്തുന്നു. സൃഷ്ടിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത് ഇതാണ്. ജലത്തെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കാം. ജലം ഏറ്റം മനോഹരവും സുപ്രധാനവുമാണ്. വെള്ളം ജീവദായകമാണ്. സകല കാര്യങ്ങളിലും നമുക്ക് സഹായകമാണ്. എന്നാല്‍ ധാതുക്കള്‍ ചൂഷണം ചെയ്യുന്നതിന് നാം ജലത്തെ എത്രമാത്രം മലിനമാക്കുന്നു, സൃഷ്ടിയെ മലിനീകരിക്കുന്നു, നശിപ്പിക്കുന്നു. ഇതൊരുദാഹരണം മാത്രം. ഇത്തരം ഉദാഹരണങ്ങള്‍ നിരവധിയാണ്. ദുരന്തപൂര്‍ണ്ണമായ പാപാനുഭവത്താല്‍ ദൈവവുമായുള്ള കൂട്ടായ്മ വിച്ഛേദിക്കപ്പെട്ടു, നമുക്കു ചുറ്റുമുള്ളവയുമായുണ്ടായിരുന്ന മൗലികകൂട്ടായ്മ തകര്‍ക്കപ്പെട്ടു, സൃഷ്ടിയെ നാം ദുഷിപ്പിച്ചു, നമ്മുടെ ക്ഷണഭംഗുരതയ്ക്ക് അതിനെ വിധേയമാക്കിക്കൊണ്ട് നാം അതിനെ നമ്മുടെ അടിമയാക്കി. ദൗര്‍ഭാഗ്യവശാല്‍ അതിന്‍റെ  ദുരന്തഫലങ്ങള്‍ക്ക് നാം അനുദിനം നാടകീയമാംവിധം സാക്ഷികളാണ്. ദൈവവുമായുള്ള ഐക്യം വിച്ഛേദിക്കപ്പെടുമ്പോള്‍ മനുഷ്യന് അവന്‍റെ മൗലിക മനോഹാരിത കൈമോശം വരികയും അവനു ചുറ്റുമുള്ള സകലത്തെയും അവന്‍ വികൃതമാക്കുകയും ചെയ്യുന്നു. പിതാവായ സ്രഷ്ടാവിന്‍റെയും അവിടത്തെ അനന്തസ്നേഹത്തിന്‍റെയും മുദ്ര പേറിയിരുന്നവ ഇപ്പോള്‍ മനുഷ്യന്‍റെ ഔദ്ധത്യത്തിന്‍റെയും അത്യാര്‍ത്തിയുടെയും ഖേദകരവും നിരാനന്ദകരവുമായ അടയാളം സംവഹിക്കുന്നു. മാനവന്‍റെ അഹങ്കാരം സൃഷ്ടിയെ ചൂഷണംചെയ്ത് നശിപ്പിക്കുന്നു.

എന്നിരുന്നാലും കര്‍ത്താവ് നമ്മെ കൈവിടുന്നില്ല, അവിടന്ന് സ്വാതന്ത്ര്യത്തിന്‍റെയും രക്ഷയുടെയും ചക്രവാളം നമുക്കായി തുറക്കുന്നു. വിശുദ്ധ പൗലോസ് ഈ സത്യത്തെക്കുറിച്ച് നമ്മെ അനുസ്മരിപ്പിക്കുന്നത് സകലരുടെയും സമസ്ത വസ്തുക്കളുടെയും, ദൈവാത്മാവിന്‍റെതന്നെയും, നെടുവീര്‍പ്പുകള്‍ ശ്രവിക്കാന്‍ നമ്മെ ക്ഷണിച്ചുകൊണ്ടാണ്. ഈ നെടുവീര്‍പ്പുകള്‍ ഫലശൂന്യങ്ങളല്ല മറിച്ച് പുതു ജീവനിലേക്കാനയിക്കുന്ന ഈറ്റു നോവാണ്. നമ്മുടെ പാപങ്ങളുടെയും വീഴ്ചകളുടെയും അടയാളങ്ങള്‍ നിരവധിയാണെങ്കിലും നമുക്കറിയാം നാം കര്‍ത്താവിനാല്‍ രക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നും നവസൃഷ്ടിയാക്കിമാറ്റുന്ന പുനരുത്ഥാനത്തിന്‍റെ  അടയാളങ്ങള്‍ നമ്മിലും നമുക്കു ചുറ്റുമുള്ളവയിലും അനുഭവപ്പെടുന്നുണ്ടെന്നും.

ഇതാണ് നമ്മുടെ പ്രത്യാശയുടെ ഉള്ളടക്കം. ക്രൈസ്തവന്‍ ജീവിക്കുന്നത് ലോകത്തിനു പുറത്തല്ല, സ്വന്തം ജീവിതത്തിലും തനിക്കു ചുറ്റുമുള്ളവയിലും തിന്മയുടെയും സ്വാര്‍ത്ഥതയുടെയും പാപത്തിന്‍റെയും അടയാളങ്ങള്‍ തിരിച്ചറിയാന്‍ അവനു കഴിയും. യാതനകളനുഭവിക്കുന്നവനോടും കേഴുന്നവനോടും പുറന്തള്ളപ്പെട്ടവനോടും ആശനശിച്ചവരോടും ഐക്യദാര്‍ഢ്യമുള്ളവനാണവന്‍. ഒപ്പം സകലത്തെയും പെസഹായുടെ, ഉത്ഥിതനായ ക്രിസ്തുവിന്‍റെ കണ്ണുകള്‍ കൊണ്ട് വായിച്ചെടുക്കാന്‍ ക്രൈസ്തവന്‍ പഠിച്ചിരിക്കുന്നു.

ക്രൈസ്തവരായ നാം വ്യാമോഹത്താലും ദോഷചിന്തയാലും പ്രലോഭിതരായിട്ടുള്ളത് എത്ര തവണയാണ്... ചിലപ്പോഴൊക്കെ നാം വെറുതെ വിലപിക്കുകയും വാക്കുകള്‍ കിട്ടാതെ, എന്താണ് ചോദിക്കേണ്ടത് എന്നറിയാതെ, എന്താണ് പ്രതീക്ഷിക്കേണ്ടത് എന്നറിയാതെ നിന്നുപോകുകയും ചെയ്തിട്ടുണ്ട്.  ഇതാ ഒരിക്കല്‍കൂടി പരിശുദ്ധാരൂപി, പ്രത്യാശയുടെ നിശ്വാസം, നമ്മുടെ സഹായത്തിനെത്തുന്നു, ഈ അരൂപി നമ്മുടെ ഹൃദയത്തിന്‍റെ നെടവീര്‍പ്പും പ്രത്യാശയും സജീവമായി നിറുത്തുന്നു. ഇന്നിന്‍റെ  നിഷേധാത്മകമായ ബാഹ്യരൂപങ്ങള്‍ക്കപ്പുറം കാണുകയും നരകുലത്തിനായി കര്‍ത്താവ് ഒരുക്കുന്ന പുതിയ ആകാശങ്ങളും പുതിയ ഭൂമിയും ഇപ്പോള്‍ത്തന്നെ നമുക്കു വെളിപ്പെടുത്തിത്തരുകയും ചെയ്യുന്നു ഈ ആത്മാവ്..... നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.

സഹോദരഹത്യാപരമായ സംഘര്‍ഷങ്ങള്‍ക്കൊപ്പം ഭക്ഷ്യക്ഷാമവും ദശലക്ഷക്കണക്കിനാളുകളുടെ പട്ടിണിമരണത്തിന് കാരണമായിരിക്കുന്ന ദക്ഷിണ സുഢാനുവേണ്ടി പാപ്പാ പൊതുകൂടിക്കാഴ്ചാവേളയില്‍ പ്രത്യേക അഭ്യര്‍ത്ഥന നടത്തി.

പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, അനുവര്‍ഷം ഫെബ്രുവരി 22ന് വിശുദ്ധ പത്രോസിന്‍റെ സിംഹാസനത്തിന്‍റെ തിരുന്നാള്‍ ആചരിക്കപ്പെടുന്നത് അനുസ്മരിക്കുകയും പത്രോസിന്‍റെ  പിന്‍ഗാമിക്കടുത്ത തന്‍റെ  ശുശ്രൂഷാദൗത്യം നിറവേറ്റാന്‍ തനിക്ക് കഴിയുന്നതിന് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കാന്‍ യുവജനത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

പൊതുദര്‍ശന പരിപാടിയുടെ അവസാനഭാഗത്ത് ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി 
NEWS & EVENTS