News >> കര്‍ദ്ദിനാള്‍ ഡെസ്മണ്ട് കോണലിന് പാപ്പാ ഫ്രാന്‍സിസിന്‍റെ അന്ത്യാഞ്ജലി


Source: Vatican Radio

വിശ്രമജീവിതം നയിക്കുകയായിരുന്ന കര്‍ദ്ദിനാള്‍ കോണല്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍  90-Ɔമത്തെ വയസ്സില്‍ ഫെബ്രുവരി 21-Ɔ൦ തിയതി ചൊവ്വാഴ്ച ഡബ്ലിനില്‍ അന്തരിച്ചു.

1. പാപ്പാ ഫ്രാന്‍സിസിന്‍റെ അനുശോചനം :

അയര്‍ലണ്ടിലെ സഭയുടെ സമര്‍പ്പണമുള്ള അജപാലകനും താത്വികനുമായിരുന്നു കര്‍ദ്ദിനാള്‍ ഡെസ്മണ്ട് കോണല്‍. ഡബ്ലിന്‍ അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്ത, അന്തരിച്ച കര്‍ദ്ദിനാള്‍ ഡെസ്മണ്ട് കോണലിന് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഫെബ്രുവരി 22-Ɔ൦ തിയതി, ബുധനാഴ്ച വത്തിക്കാനില്‍നിന്നും അയച്ച സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.  ഡബ്ലിന്‍ അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത ഡെര്‍മ്യൂഡ് മാര്‍ട്ടിന്‍വഴിയാണ് പാപ്പാ അനുശോചനം അറിയിച്ചത്.

കര്‍ദ്ദിനാള്‍ കോണലിന്‍റെ നിര്യാണത്തില്‍ അതിരൂപതയിലെ വിശ്വാസികളെയും സന്ന്യസ്തരെയും വൈദികകൂട്ടായ്മയെയും പ്രാര്‍ത്ഥനനിറഞ്ഞ അനുശോചനം പാപ്പാ അറിയിച്ചു. മെത്രാനെന്ന നിലയിലും വൈദികനെന്ന നിലയിലും അദ്ദേഹം സഭയ്ക്കു നല്കിയിട്ടുള്ള സേവനം സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്‍റേതായിരുന്നു. നീണ്ടകാല അജപാലന ശുശ്രൂഷിയിലൂടെ, വിശിഷ്യ താത്വികവും ദൈവശാസ്ത്രപരവുമായ പ്രബോധനങ്ങളിലൂടെ ഡ്ബ്ലിന്‍ അതിരൂപതയ്ക്കു മാത്രമല്ല, അയര്‍ലണ്ടിലെ സഭയ്ക്കു അദ്ദേഹം നല്കിയിട്ടുള്ള സേവനം അതുല്യവും സ്തുത്യര്‍ഹവുമാണ്. ദൈവകരങ്ങളില്‍ കര്‍ദ്ദിനാള്‍ കോണലിന്‍റെ ആത്മാവ് സമാശ്വാസം കണ്ടെത്തട്ടെ! ക്രിസ്തുവിന്‍റെ പുനരുത്ഥാന മഹത്വത്തില്‍ പങ്കുചേര്‍ന്ന് അദ്ദേഹം നിത്യവിശ്രാന്തി അടയട്ടെ! പ്രാര്‍ത്ഥനയോടെ ഏവര്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ട് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.     

2.  ഡബ്ലിന്‍റെ അജപാലകനും അദ്ധ്യാപകനും :

"അങ്ങേ വചനം എന്നില്‍ നിറവേറട്ടെ!" Secundum Verbum Tuum!  (ലൂക്ക 1, 38) എന്ന ആപ്തവാക്യവുമായി പാണ്ഡിത്യവും ഭരണപാ‍ടവും കോര്‍ത്തിണക്കി നല്ല അജപാലനശുശ്രൂഷ കാഴ്ചവച്ച സഭയുടെ കര്‍മ്മയോഗിയായിരുന്നു കര്‍ദ്ദിനാള്‍ ഡെസ്മണ്ട് കോണലെന്ന്, അദ്ദേഹത്തിന്‍റെ പിന്‍ഗാമി ഡബ്ലിന്‍റെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത,  ഡെര്‍മ്യൂഡ് മാര്‍ട്ടിന്‍ പ്രസ്താവിച്ചു.  

അയര്‍ലണ്ടിലെ ഫിപ്സോറോയില്‍ ജനിച്ച അദ്ദേഹം ഡബ്ലിന്‍ അതിരൂപതാ സെമിനരിയിലും, ഫ്രാന്‍സിലെ ലുവെയിന്‍ സര്‍വ്വകാലാശാലയിലും പഠിച്ച് 1951-ല്‍ പൗരോഹിത്യം സ്വീകരിച്ചു. ഡബ്ലിന്‍ യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്ര പണ്ഡിതനായി സേവനമനുഷ്ഠിക്കവെ 1988-ലാണ് അദ്ദേഹം മെത്രാപ്പോലീത്തയായി നിയമിതനായത്. 1981-ല്‍ അയര്‍ണ്ടിന്‍റെ ദേശീയ സര്‍വ്വകലാശാല (The University of Ireland) അദ്ദേഹത്തിന് ഡോക്ടര്‍ ബിരുദം നല്കി ആദരിച്ചു. വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായാണ് ആര്‍ച്ചുബിഷപ്പ് ഡെസ്മണ്ട് കോണലിനെ 2001-ല്‍ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തിയത്. 2004-ല്‍ 78-Ɔമത്തെ വയസ്സില്‍ അദ്ദേഹം അതിരൂപതാ ഭരണത്തില്‍നിന്നും വിരമിച്ചു. മുന്‍പാപ്പാ ബെനഡിക്ടിനെ തിരഞ്ഞെ‌ടുത്ത 2005-ലെ കോണ്‍ക്ലേവില്‍ കര്‍ദ്ദിനാള്‍ കോണല്‍ പങ്കെടുക്കുകയുണ്ടായി.

3.  പ്രതിസന്ധികളെ അഭിമുഖീകരിച്ച മെത്രാപ്പോലീത്ത :

വൈദികര്‍ ഉള്‍പ്പെട്ട കുട്ടികളുടെ ലൈംഗികപീഡനം സംബന്ധിച്ച് ഡ്ബ്ലിനിലുണ്ടായ കേസുകള്‍ അതിരൂപതയുടെ മെത്രാപ്പോലീത്ത എന്നനിലയില്‍ സുതാര്യമായി കൈകാര്യംചെയ്തില്ല എന്ന ആരോപണത്തില്‍ കര്‍ദ്ദിനാള്‍ കോണല്‍ ഏറെ എതിര്‍പ്പുകളും മാനസികവ്യഥകളും അനുഭവിച്ചിട്ടുണ്ട്. ഡബ്ലിനില്‍നിന്നും വിരമിക്കവെ ഈ മേഖലയില്‍ തനിക്കു വന്ന വീഴ്ചകള്‍ക്ക് അദ്ദേഹം പരസ്യമായി മാപ്പുയാചിക്കുകയുണ്ടായി.  

കര്‍ദ്ദിനാള്‍ ഡെസ്മണ്ട് കോണലിന്‍റെ നിര്യാണത്തോടെ സഭയിലെ കര്‍ദ്ദിനാളന്മാര്‍ ഇപ്പോള്‍ ആകെ 225 പേരാണ്. അതില്‍ 119-പേര്‍ 80 വയസ്സിനു താഴെ സഭയുടെ ഔദ്യോഗിക കാര്യങ്ങളില്‍ വോട്ടവകാശമുള്ളവരാണ്.
NEWS & EVENTS