News >> ഉതപ്പുകള്‍ ഒഴിവാക്കുക! മാനസാന്തരത്തിനുള്ള സാദ്ധ്യതകള്‍ തള്ളിക്കളയരുത്!!

Source: Vatican Radio

രക്തസാക്ഷിയായ വിശുദ്ധ പോളിക്കാര്‍പ്പിന്‍റെ തിരുനാള്‍ദിനത്തില്‍ പങ്കുവച്ച ചിന്തകള്‍...!  

ഫെബ്രുവരി 23-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ, പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. മാനസാന്തരത്തിനുള്ള സാദ്ധ്യതകളും അതുപോലെ മാറ്റിവയ്ക്കരുതെന്ന് പാപ്പാ ആഹ്വാനംചെയ്തു.    കൈയ്യോ, കണ്ണോ ഇടര്‍ച്ചയ്ക്ക് ഹേതുവാണെങ്കില്‍ അത് ഉപേക്ഷിക്കുക. മുറിച്ചു മാറ്റുക! എന്നാലും ഒരിക്കലും  ഉതപ്പുണ്ടാക്കരുത്. ഉതപ്പ് വിനാശകാരണമാണെന്ന ക്രിസ്തുവിന്‍റെ വാക്കുകള്‍ സുവിശേഷത്തില്‍നിന്നും പാപ്പാ ഉദ്ധരിച്ചു (മര്‍ക്കോസ് 9, 41-50).

ദുര്‍മാതൃക അല്ലെങ്കില്‍ ഉതപ്പ് എന്താണ്? ഒന്നു പറയുകയും മറ്റൊന്നു ചെയ്യുകയുംചെയ്യുന്ന ജീവിതശൈലിയുടെ ഇരട്ടത്താപ്പു നയമാണ് ഉതപ്പ്! കത്തോലിക്കാനാണ്. പള്ളിയില്‍ പോകുന്നുണ്ട്. സംഘടയില്‍ സജീവമാണ്. ദാനധര്‍മ്മം ചെയ്യുന്നുണ്ട്! എന്നാല്‍ ജീവിതം ക്രിസ്തീയമല്ല! പണിക്കാര്‍ക്ക് നീതിയോടെ വേതനം കൊടുക്കില്ല. പണമിടപാടുകളില്‍ തട്ടിപ്പു കാണിക്കും. അല്പം കള്ളപ്പണവും, പണം വെളുപ്പിക്കലുമെല്ലാമുണ്ട്...! ഇത് ഇരട്ടത്താപ്പുരീതിയും, സമഗ്രതയില്ലാത്തതും സുതാര്യമല്ലാത്തതുമായ ജീവിതമാണ്. ധാരാളം കത്തോലിക്കര്‍, സത്യക്രിസ്ത്യാനികള്‍ ഇങ്ങനെയാണ് ജീവിതത്തില്‍ ഉതപ്പിന് കാരണക്കാരാകുന്നത്. ഇതു നാം എന്നും എവിടെയും കേള്‍ക്കുന്ന കഥയാണ്.

ഒരു കത്തോലിക്കാനും, ഒരു ക്രിസ്ത്യാനിയുമാണ് തെറ്റിനു കാരണക്കാരനെന്ന് കേള്‍ക്കുന്നതുതന്നെ ഉതപ്പാണ്! അങ്ങനെയെങ്കില്‍ കത്തോലിക്കാനായിരിക്കുന്നതിലും ഭേദം, നിരീശ്വരവാദി ആയിരിക്കുന്നതല്ലേ?! ഈ ഉതപ്പ് നമുക്ക് നാശകാരണവും, നമ്മെ തളര്‍ത്തുന്നതുമാണ്. ഇത് എന്നും നമുക്കുചുറ്റും സംഭവിക്കുന്നുണ്ട്. പത്രമാസികകള്‍, മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. എവിടെയും ഉതപ്പിന്‍റെ വാര്‍ത്തകളും വര്‍ത്തമാനങ്ങളുമാണ്. ഉതപ്പുകള്‍ക്ക് മാധ്യമങ്ങള്‍ ഏറെ പ്രചാരണം നല്‍കുന്നുമുണ്ട്.

ഒരിടത്ത് ഒരു കമ്പനി വലിയ നഷ്ടത്തിലായി... പൂട്ടാറായി! സമരം ഒഴിവാക്കാനായി നേതാക്കളോടു സംസാരിക്കാന്‍ അധികാരികള്‍ തീരുമാനിച്ചു. ചര്‍ച്ച അലസിപ്പോയി, പരാജയപ്പെട്ടു. കാരണം നാളുകളായി അവര്‍ക്ക് ശബളം കിട്ടിയിട്ടില്ല. കുടുംബങ്ങള്‍ കഷ്ടത്തിലാണ്. എന്നാല്‍ കത്തോലിക്കാനായ കമ്പനിയുടെ മാനേജര്‍ ആ സമയത്ത് മദ്ധ്യപൂര്‍വ്വദേശത്തെ ബീച്ചില്‍ എല്ലാം മറന്ന് തന്‍റെ ശരത്ക്കാല അവധിയിലായിരുന്നു. ഒരു മാധ്യമവും അത് പുറത്തുവിട്ടില്ല. ഇത് ഉതപ്പല്ലേ?. ഇത് നാശത്തിന്‍റെ രീതിയാണ്. പാപ്പാ ചൂണ്ടിക്കാട്ടി.

ഉതപ്പായി ജീവിക്കുന്നവരുടെ രീതികള്‍ ദൈവം തിരിച്ചറിയുന്നു. നന്മകളെന്നു വ്യാഖ്യാനിച്ചു ചെയ്തുകൂട്ടിയ കാര്യങ്ങള്‍ വൃഥാവിലാകും. ജീവിതാന്ത്യത്തില്‍ ദൈവരാജ്യത്തിന്‍റെ വാതിക്കല്‍ മുട്ടി, സ്വന്തം നന്മകള്‍ എണ്ണിപ്പറയുമ്പോള്‍ ദൈവം പറയും, നിന്‍റെ പ്രാര്‍ത്ഥനയും, സംഘടനാ പ്രവര്‍ത്തനങ്ങളുമെല്ലാം ശരിതന്നെ! ചെയ്ത ദാനധര്‍മ്മങ്ങള്‍, ആ പണമെല്ലാം പാവങ്ങളില്‍നിന്നും പിടിച്ചുപറിച്ചതല്ലേ! അതിനാല്‍ അവയെല്ലാം മ്ലേച്ഛമാണ്!. ഞാന്‍ നിന്നെ അറിയുകയില്ല. ഉതപ്പുകാണിച്ചവര്‍ക്കെതിരെയും ഇരട്ടമുഖവുമായി ജീവിച്ചവര്‍ക്കെതിരെയും ക്രിസ്തു ദൈവരാജ്യത്തിന്‍റെ കവാടം കൊട്ടിയടയ്ക്കും!

ആദ്യവായന പറയുന്നു, സമ്പത്തില്‍ ആശ്രയിക്കരുത്. സ്വന്തം കഴിവില്‍ ആശ്രയിച്ച് ഹൃദയാഭിലാഷങ്ങള്‍ക്കൊത്തു ജീവിക്കരുത്. ദൈവം ക്ഷമിക്കും എന്നോര്‍ത്ത് വീണ്ടും വീണ്ടും പാപംചെയ്യുകയുമരുത്. മാനസാന്തരവും അതിനുള്ള അവസരങ്ങളും മാറ്റിവയ്ക്കരുത് (പ്രഭാഷകന്‍ 5, 1-10).

ആത്മശോധന ചെയ്യാം! നമ്മുടെ ജീവിതത്തില്‍ ഇരട്ടത്താപ്പു രീതികളുണ്ടോ? നീതിനിഷ്ഠനായ നല്ല കത്തോലിക്കനായി പ്രത്യക്ഷപ്പെടുകയും, മൂടുപടമണിഞ്ഞു ജീവിക്കുകയുംചെയ്യുന്ന ഹൃദയകാഠിന്യം അപകടകരമാണ്. ദൈവം ക്ഷമിക്കുമെന്നതു തീര്‍ച്ചയാണ്. എന്നാല്‍, എന്നില്‍ മാറ്റമില്ലാതിരിക്കുകയും, ഇന്ന് നാളെ, ഇന്ന് നാളെ... എന്നു പറഞ്ഞ് തെറ്റായ ജീവിതരീതികള്‍ നീട്ടുക്കൊണ്ടുപോവുകയും ചെയ്യുന്നത് കാപഠ്യമാണ്. ഈ ഉതപ്പിന്‍റെ മനഃസ്ഥിതി നമ്മെ നശിപ്പിക്കും! അതിനാല്‍, മാനസാന്തരത്തിന്‍റെ വഴികള്‍ അടച്ചുകളയരുതെന്നും, മാറ്റിവയ്ക്കരുതെന്നുമുള്ള വാക്കുകളോടെ പാപ്പാ വചനചിന്ത ഉപസംഹരിച്ചു.
NEWS & EVENTS