News >> ഇംഗ്ലണ്ടിനെയും വെയിൽസിനെയും മാതാവിന്റെ വിമല ഹൃദയത്തിന് പ്രതിഷ്ഠിച്ചു

Source: Sunday Shalom


ലണ്ടൻ: ഫാത്തിമാ നാഥയുടെ പ്രത്യക്ഷീകരണത്തിന്റെ 100ാം വാർഷികത്തോടനുബന്ധിച്ച് ഇംഗ്ലണ്ടിനെയും വെയിൽസിനെയും മാതാവിന്റെ വിമല ഹൃദയത്തിന് പുഃനപ്രതിഷ്ഠിച്ചു. 3000 ജനങ്ങൾ തിങ്ങിനിറഞ്ഞ വെസ്റ്റ്മിനിസ്റ്റർ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ കർദിനാൾ വിൻസെന്റ് നിക്കോൾസ് ഇംഗ്ലണ്ടിനെയും വെയിൽസിനെയും മാതാവിന്റെ വിമല ഹൃദയത്തിന് പുഃനപ്രതിഷ്ഠിക്കുകയും ഫാത്തിമ നാഥയുടെ തിരുസ്വരൂപത്തിൽ കിരീടമണിയിക്കുകയും ചെയ്തു. 1948ൽ വെസ്റ്റ്മിനിസ്റ്റർ ആർച്ച്ബിഷപ്പായിരുന്ന കർദിനാൾ ബർണാർഡ് ഗ്രിഫിൻ നടത്തിയ പ്രതിഷ്ഠയാണ് കർദിനാൾ നിക്കോൾസ് നവീകരിച്ചത്.

ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ട മാതാവ് ക്രൈസ്തവർക്ക് മുമ്പിൽ ചില വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന് കർദിനാൾ നിക്കോൾസ് പങ്കുവച്ചു. ഒരോ ദിവസവും ക്രിസ്തുവിന്റെ ശിഷ്യത്വം എപ്രകാരമാണ് ജീവിക്കുന്നതെന്നും ദൈവത്തിനും മറ്റുള്ളവർക്കും എത്രമാത്രം സമയം നീക്കിവയ്ക്കുന്നുണ്ടെന്നും ക്രൈസ്തവർ ആത്മപരിശോധന നടത്തണം. ദൈവത്തിന്റെ പദ്ധതികളോട് യേസ് പറയാൻ സഹായിക്കുന്ന പ്രാർത്ഥനയാണ് ജപമാലയെന്നും മറിയത്തിന്റെ വിമലഹൃദയത്തോടുള്ള ഭക്തിയുടെ അടിസ്ഥാനമാണതെന്നും കർദിനാൾ വ്യക്തമാക്കി.


NEWS & EVENTS