News >> സുവിശേഷം ഊർജ്ജസ്വലതയോടുകൂടി പ്രസംഗിക്കേണ്ടകാലം: കർദിനാൾ മാർ ക്ലിമിസ്

Source: Sunday Shalom


ഗോവ: സുവിശേഷം ഊർജ്ജസ്വലതയോടുകൂടി പ്രസംഗിക്കേണ്ട കാലഘട്ടമാണിതെന്ന് സിബിസിഐ പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ കർദിനാൾ മാർ ക്ലിമിസ് കാതോലിക്കാ ബാവ.

കരിസ്മാറ്റിക് സുവർണ ജൂബിലിയോടനുബന്ധിച്ച് ഗോവയിലെ ജോസഫ് വാസ് റിട്രീറ്റ് സെന്ററിൽ നടന്ന ഗ്രാന്റ് കോൺഫ്രൻസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദേഹം.

കൂടുതൽ മെച്ചപ്പെട്ട മാർഗങ്ങളും രീതികളും ഇതിനായി അവലംബിക്കണമെന്നും കർദിനാൾ സൂചിപ്പിച്ചു. സ്തുതി ആരാധന, ജപമാല, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ പ്രാർത്ഥനകൾ ചിലപ്പോൾ ഒരു ദിനചര്യ പോലെയായി മാറുവാൻ സാധ്യതയുണ്ട്. എന്നാൽ പരിശുദ്ധാത്മാവ് വന്ന് കഴിയുമ്പോൾ ഇതിലെല്ലാം കൂടുതൽ അർത്ഥവും ആഴവും കണ്ടെത്താൻ സാധിക്കും. അതിനാൽ ദൈവഹിതത്തിനനുസരണം നാം മുന്നോട്ട് പോകണമെന്ന് അദേഹം ആഹ്വാനം ചെയ്തു.

ആദ്യകാല ചെയർമാനായ ജിനോഹെൻട്രിക്‌സ്, മെയ് ബ്രിട്ടോ ഫാ. ഫിയോ മസ്‌കരിനാസ്, ചെയർമാൻ സിറിൽ ജോൺ, ഫാ. തമ്പുരാജ് എസ്.ജെ, ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ പ്രസംഗിച്ചു.
സമാപന ദിവ്യബലിക്ക് എക്ലേസിയാസ്റ്റിക്കൽ അഡൈ്വസർ ബിഷപ് ഡോ. ഫ്രാൻസിസ് കാലിസ്റ്റസ് നേതൃത്വം നൽകി. പരാജയങ്ങളിലൂടെ പോലും പരിശുദ്ധാത്മാവിന്റെ പ്രചോദനം സ്വീകരിക്കുന്നതിനായി ദൈവത്തിന് നമ്മെ ഒരുക്കാൻ സാധിക്കുമെന്ന് അദേഹം സൂചിപ്പിച്ചു.

സമ്മേളനത്തിനിടയിൽ ജോസഫ് വാസ് സെന്ററിൽ നിന്നും ആരംഭിച്ച ജപമാല പ്രദക്ഷിണം ബോം ജീസസ് കത്തീഡ്രലിൽ സമാപിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 520 പേർ പങ്കെടുത്തു. ദൈവാലയത്തിന് സമീപമുള്ള വേദിയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യർ, വിശുദ്ധ ജോസഫ് വാസ് തുടങ്ങിയ വിശുദ്ധാത്മക്കളുടെ ജീവിതചിത്രം അനാവരണം ചെയ്യപ്പെട്ടിരുന്നു.

കരിസ്മാറ്റിക് നവീകരണത്തിന്റെ സുവർണ ജൂബിലിയാഘോഷം ഡിസംബറിൽ സമാപിക്കും. ജൂബിലിയോടനുബന്ധിച്ച് മാർപാപ്പയുടെ ക്ഷണമനുസരിച്ച് ഇന്ത്യയിൽ നിന്നുള്ള നവീകരണ നേതൃത്വത്തിലുളള 600 പേർ മാർപ്പായൊടൊപ്പം പെന്തക്കോസ്ത് ആഘോഷങ്ങൾക്ക് റോമിൽ സമ്മേളിക്കും. ഒക്‌ടോബർ മാസത്തിൽ നവീകരണാനുഭവമുള്ള 400 ബിഷപ്പുമാർക്കും വൈദിർക്കുമായി കരിസ്മാറ്റിക് ധ്യാനം ഗോവയിൽ സംഘടിപ്പിക്കാനും ഓരോ സംസ്ഥാനത്തും കരിസ്മാറ്റിക് നവീകരണവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ സംഘടിപ്പിക്കുവാനും തീരുമാനമായി.

ആഗോള കരിസ്മാറ്റിക് രംഗത്തു പ്രവർത്തിക്കുന്ന മലയാളികളുടെ സംഗമം എറണാകുളത്ത് ഭാരത് മാതാ കോളജിൽ ഓഗസ്റ്റ് 11 മുതൽ 13 വരെ സംഘടിപ്പിച്ചിട്ടുണ്ട്.


NEWS & EVENTS