News >> കത്തോലിക്ക മാധ്യമ പ്രവർത്തകർ യേശുവിന്റെ വക്താക്കളായി മാറണം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

Source: Sunday Shalom


കൊച്ചി: കത്തോലിക്ക മാധ്യമ പ്രവർത്തകർ യേശുവിന്റെ വക്താക്കളായി മാറണമെന്ന് കെആർഎൽസിബിസി മീഡിയാ കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പറഞ്ഞു. 2017 ഒക്‌ടോബറിൽ വല്ലാർപാടത്ത് നടക്കാനിരിക്കുന്ന ബിസിസി കൺവെൻഷന്റെയും മിഷൻ കോൺഗ്രസിന്റെയും മുന്നോടിയായുള്ള കേരള ലത്തീൻ കത്തോലിക്ക സഭ മാധ്യമ കമ്മീഷന്റെ കൂട്ടായ്മ ആശിർഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും നല്ല സന്ദേശവാഹകനായിരുന്നു യേശു. ദൈവത്തിന്റെ സന്ദേശം ഭൂമിയിലേക്ക് ഫലപ്രദമായി എത്തിച്ചത് യേശുവായിരുന്നു. ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുവാൻ തന്റെ ശിഷ്യരോട് യേശു ആവശ്യപ്പെട്ടു. യേശുവിന്റെ കൽപന അനുസരിക്കുവാനും യേശുവിന്റെ ശിഷ്യരെ പോലെ യേശുവിന്റെ വക്താക്കളായി മാറാനും നമുക്ക് സാധിക്കണം.

വല്ലാർപാടത്തു നടക്കാനിരിക്കുന്ന മിഷൻ കോൺഗ്രസിന്റെയും ലക്ഷ്യം ജനങ്ങളെ സുവിശേഷചൈതന്യത്തിലേക്ക് കൊണ്ടുവരിക എന്നതാണ്. സഭയുടെ അസ്ഥിത്വം തന്നെ സുവിശേഷവത്കരണത്തിലാണെന്ന് നാം തിരിച്ചറിയണം. ഈ കാലഘട്ടത്തിൽ മാധ്യമങ്ങൾക്കുള്ള പ്രാധാന്യം ഏവർക്കും അറിവുള്ളതാണ്. സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനവും വർദ്ധിച്ചുവരികയാണ്. ഈ അവസരം ഫലപ്രദമായി നാം വിനിയോഗിക്കണം. തിന്മക്കെതിരെ പ്രവർത്തിക്കുവാനുള്ള ശക്തമായ ആയുധമായി മാധ്യമങ്ങളെ മാറ്റണമെന്നും ആർച്ച്ബിഷപ് ആഹ്വാനം ചെയ്തു.

ബിസിസി കൺവെൻഷൻ മീഡിയാ കമ്മിറ്റി ചെയർമാൻ മോൺ. ക്രിസ്തുദാസ് അദ്ധ്യക്ഷനായിരുന്നു. മാധ്യമപ്രവർത്തകരായ ഇഗ്നേഷ്യസ് ഗൊൺസാൽവസ്, ജെക്കോബി എന്നിവർ ക്ലാസുകൾ നയിച്ചു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പമ്പിൽ, അസോസിയേറ്റ് ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, ബിസിസി കമ്മീഷൻ സെക്രട്ടറി ഫാ. ഗ്രിഗറി ആർബി, മോൺ. വിൻസെന്റ് അറക്കൽ എന്നിവർ സംസാരിച്ചു. മീഡിയാ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി വിബിൻ സേവ്യർ വേലിക്കകത്ത് സ്വാഗതവും അസോസിയേറ്റ് സെക്രട്ടറി ബിജോ സിൽവേരി നന്ദിയും പറഞ്ഞു.


NEWS & EVENTS