News >> അഫ്ഗാൻ അഭയാർത്ഥികൾക്ക് പിന്തുണയുമായി പാക്കിസ്താൻ സഭ

Source; Sunday Shalom


ലാഹോർ: പാക്കിസ്താനിൽ കുടുങ്ങിയ അഫ്ഗാൻ അഭയാർത്ഥികളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുകയും അവരുടെ മനുഷ്യാന്തസിനെ ബഹുമാനിക്കുകയും ചെയ്യണമെന്ന് പാക്കിസ്താനിലെ വിവിധ ക്രൈസ്തവ സഭാ സമൂഹങ്ങൾ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനോടൊപ്പം അടിസ്ഥാന മനുഷ്യാവകാശങ്ങൾ പാലിക്കണമെന്നും നിയമപരമായ മാർഗത്തിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ഇസ്ലാമബാദ്-റാവിൽപ്പിണ്ടി രൂപതയുടെ അപ്പസ്‌തോലിക്ക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ് ജോസഫ് അർഷാദ് പറഞ്ഞു.

സുഫി ആരാധനാലയത്തിൽ നടന്ന 88 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം അഫ്ഗാൻ ആസ്ഥനമായി പ്രവർത്തിക്കുന്ന ജമാത് ഉൽ അഹ്രർ എന്ന സംഘടന ഏറ്റെടുത്തതിനെ തുടർന്നാണ് അഫ്ഗാനുമായുള്ള അതിർത്തി അടച്ചത്. പെട്ടന്നുണ്ടായ ഗവൺമെന്റിന്റെ നയമാറ്റം ഇരുരാജ്യങ്ങളിലും യഥേഷ്ടം സഞ്ചരിച്ചിരുന്ന വലിയൊരുവിഭാഗം ജനങ്ങളെ സാരമായി ബാധിച്ചെന്ന് ലൂഥറൻ ബിഷപ് ജിമ്മി മാത്യു പറഞ്ഞു. പരസ്പരം സൗഹൃദം പുലർത്തി അതിർത്തിക്കിരുവശവുമായി വളർന്നു വന്ന ഒരു തലമുറയാണിത്. സാധാരണക്കാർ ബുദ്ധിമുട്ടനുഭവിക്കുകയാണ്. പലർക്കും രണ്ട് രാജ്യങ്ങളിലും സ്ഥലമുണ്ട്; ബിഷപ് ജിമ്മി വിശദീകരിച്ചു.

13 ലക്ഷത്തോളം അഫ്ഗാൻ അഭയാർത്ഥികൾ പാക്കിസ്താനിൽ താമസിക്കുന്നുണ്ട്. വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളുടെയും മോശമായിക്കൊണ്ടിരിക്കുന്ന നയതന്ത്രബന്ധത്തിന്റെയും പശ്ചാത്തലത്തിൽ 2015 മുതൽ നിരവധി അഫ്ഗാൻകാരെ പാക്കിസ്താൻ നിർബന്ധിതമായി നാട്ടിലേക്ക് തിരിച്ചയച്ച് വരികയാണ്.


NEWS & EVENTS