News >> മാനസാന്തരം തുടർപ്രകിയ: ഫ്രാൻസിസ് മാർപാപ്പ

Source: Sunday Shalom


വത്തിക്കാൻ സിറ്റി: മാനസാന്തരം തുടർപ്രക്രിയയാണെന്നും തിന്മയിൽ നിന്ന് അകന്ന് നിൽക്കാൻ അഭ്യസിക്കേണ്ടത് അതിന്റെ ഭാഗമാണെന്നും ഫ്രാൻസിസ് മാർപാപ്പ. കാസ സാന്താ മാർത്തയിലർപ്പിച്ച ദിവ്യബലി മധ്യേ നൽകിയ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഏറ്റവും വിശുദ്ധരായവർ പോലും ദിവസത്തിൽ ഏഴു തവണ പാപം ചെയ്യുന്നുണ്ടെന്ന ബൈബിൾ വചനം ഉദ്ധരിച്ചുകൊണ്ട് പാപ്പ ഇപ്രകാരം പറഞ്ഞു- നന്മ ചെയ്യുക എളുപ്പമല്ല. അത് നാം പഠിക്കണം. യേശുവാണ് അത് നമ്മെ പഠിപ്പിക്കുന്നത്. ക്രൈസ്തവജീവിതത്തിന്റെ പാതയിൽ നാം എല്ലാ ദിവസവും പഠിച്ചുകൊണ്ടിരിക്കണം. കഴിഞ്ഞ ദിവസത്തേക്കാൾ ഇന്ന് മെച്ചമായി എപ്രകാരം ജീവിക്കാം എന്ന് പഠിക്കണം. തിന്മ ചെയ്യാതിരിക്കാനും നന്മ ചെയ്യാനും അഭ്യസിക്കുക. ഇതാണ് മാനസാന്തരത്തിന്റെ നിയമം. ഒരു മാന്ത്രിക വടി വീശുമ്പോൾ സംഭവിക്കുന്ന ഒന്നല്ല മാനസാന്തരം. അത് ഒരു യാത്രയാണ്.

നന്മ ചെയ്യാൻ അഭ്യസിക്കുന്നത് സംസാരത്തിലൂടെയല്ല, കൃത്യമായ പ്രവർത്തനങ്ങളിലൂടെയാണെന്ന് പാപ്പ തുടർന്നു. നീതി തേടുക, പീഡിതരെ മോചിപ്പിക്കുക, അനാഥരെ സഹായിക്കുക, വിധവകൾക്ക് വേണ്ടി വാദിക്കുക തുടങ്ങിയ കാര്യങ്ങളാണ് ദൈവം പറയുന്നത്. പ്രവർത്തനമില്ലാതെ മാനസാന്തരം സാധ്യമല്ല. ദൈവത്തിന്റെ സഹായത്തോടെ നിങ്ങളെത്തന്നെ ഉയർത്തുക. നമ്മോടൊപ്പം നടന്നുകൊണ്ട്, നമ്മുടെ കരങ്ങൾ ഗ്രഹിച്ചുകൊണ്ട് ദൈവം കാര്യങ്ങൾ വിശദീകരിച്ച് നൽകുന്നു. ദൈവത്തിന് നമ്മുടെ മാനസാന്തരം എന്ന അത്ഭുതവും ചെയ്യാനാവും. തിന്മ ഉപേക്ഷിക്കുക, നന്മ പ്രവർത്തിക്കുക, എഴുന്നേറ്റ് അവനോടൊപ്പം നടക്കുക. അപ്പോൾ നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടും; പാപ്പ വ്യക്തമാക്കി.


NEWS & EVENTS