News >> സമൂഹത്തെ ബന്ധിപ്പിക്കുന്ന പാലങ്ങൾ പണിയാൻ വിശ്വാസത്തിന് സാധിക്കും

Source:Sunday Shalom


മൈദുഗുരി: തകർന്നുപോയ സാമൂഹ്യബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന പാലങ്ങൾ പണിയുവാൻ നൈജീരിയയിലെ വിശ്വാസികൾക്ക് സാധിക്കുമെന്ന് നൈജീരിയൻ ബിഷപ്‌സ് കോൺഫ്രൻസ് പ്രസിഡന്റ് ആർച്ച്ബിഷപ് ഇഗ്നേഷ്യസ് കൈഗാമ. തീവ്രവാദ ആക്രമണവും സാമ്പത്തിക പ്രതിസന്ധിയും ക്ഷാമവും രാജ്യത്തെ ബാധിച്ചിരിക്കുന്ന സാഹചര്യത്തിൽ പുറപ്പെടുവിച്ച നോമ്പുകാല സന്ദേശത്തിലാണ് ആർച്ച്ബിഷപ് കൈഗാമ ക്രൈസ്തവരുടെ വിളിയെക്കുറിച്ച് ഓർമിപ്പിച്ചത്.

സാമൂഹ്യ തിന്മകൾ നടമാടുന്ന സമൂഹത്തിന് ഒരു നവീകരണം ആവശ്യമാണെന്ന് ആർച്ച്ബിഷപ് പറഞ്ഞു. രാഷ്ട്രീയവും മതപരവും സാമൂഹികവുമായ അതിർത്തികൾക്കതീതമായി ആത്മാർത്ഥമായ ചർച്ചകൾ ഉണ്ടാകണം. പ്രാദേശികവും വംശീയവുമായ മുൻവിധിയുടെ മതിൽക്കെട്ടുകൾ തകർക്കുന്നു എന്നതിലാണ് ക്രൈസ്തവ വിശ്വാസത്തിന്റെ മനോഹാരിത അടങ്ങിയിരിക്കുന്നത്. ദൈവത്തെ സ്വീകരിക്കുകയും സഹോദരരെ സ്വീകരിക്കാതിരിക്കുകയും ചെയ്താൽ നമ്മൾ പകുതി ക്രൈസ്തവർ മാത്രമേ ആകുന്നുള്ളൂ. അക്രമം അവസാനിപ്പിക്കാനും സമാധാനം ഉറപ്പാക്കുന്നതിനുമായി ധാരാളം പ്രവർത്തനങ്ങൾ ഇന്ന് നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്നുണ്ട്. തിന്മയെ നന്മകൊണ്ട് ജയിക്കാനും മറ്റുള്ളവരെ പരിഗണിക്കാനും ക്രൈസ്തവ വിശ്വാസം നമ്മെ പഠിപ്പിക്കുന്നു. വികൃതമാക്കപ്പെട്ടതും രക്തക്കറപുരണ്ടതും അഴിമതി നിറഞ്ഞതുമായ സമൂഹത്തെ ശുചിയാക്കുവാനുള്ള കൃപ ദൈവത്തോട് ചോദിച്ചുകൊണ്ടും ദൈവത്തിന്റെ കരുണ എല്ലാവർക്കും ആശംസിച്ചുകൊണ്ടുമാണ് ആർച്ച്ബിഷപ്പിന്റെ സന്ദേശം അവസാനിക്കുന്നത്.


NEWS & EVENTS