News >> അയൽക്കാരനെ സഹായിക്കുന്നതാണ് യഥാർത്ഥ ഉപവാസം: മാർപാപ്പ

Source: Sunday Shalom


വത്തിക്കാൻ സിറ്റി: അയൽക്കാരനെ സഹായിക്കുന്നതാണ് യഥാർത്ഥ ഉപവാസമെന്ന് ഫ്രാൻസിസ് മാർപാപ്പ. കാസ സാന്ത മാർത്തിലർപ്പിച്ച ദിവ്യബലിയിലാണ് പാപ്പ ഇക്കാര്യം പങ്കുവച്ചത്. പശ്ചാത്താപവിവശമായ ഹൃദയത്തിലാണ് ദൈവം സന്തോഷിക്കുന്നതെന്ന് സങ്കീർത്തനഭാഗം ഉദ്ധരിച്ചുകൊണ്ട് പാപ്പ വിശദീകരിച്ചു. താൻ പാപിയാണെന്ന് തിരിച്ചറിയുന്ന ഹൃദയത്തെക്കുറിച്ച് ദൈവം സന്തോഷിക്കുന്നു. തങ്ങളുടെ മാർഗങ്ങൾ പിന്തുടർന്നുകൊണ്ട് ജോലിക്കാരെ പീഡിപ്പിക്കുന്നവരുടെ തെറ്റായ ഉപവാസത്തെ ഏശയ്യായുടെ പുസ്തകത്തിൽ ദൈവം ശാസിക്കുന്നു. അയൽക്കാരനെ പരിഗണിക്കുന്ന യഥാർത്ഥ ഉപവാസത്തിലേക്കാണ് ദൈവം നമ്മെ ക്ഷണിക്കുന്നത്. മറുവശത്ത് കാപട്യം നിറഞ്ഞ ഉപവാസമുണ്ട്. ഒരു ഭാഗത്ത് ഉപവാസം അനുഷ്ഠിക്കുമ്പോൾ തന്നെ നീതിരഹിതമായി പ്രവർത്തിക്കുകയും മറ്റുള്ളവരെ ചൂഷണം ചെയ്യുകയും ചെയ്യുന്നതാണത്. ഒരുപക്ഷെ ദൈവാലയത്തിന് ഞാൻ ഉദാരമായി സംഭാവന ചെയ്യുന്നുണ്ടെന്ന് ചിലർ പറഞ്ഞേക്കാം. പക്ഷെ നിങ്ങൾ നിങ്ങളുടെ ജോലിക്കാർക്ക് ആവശ്യത്തിന് വേതനം നൽകുന്നുണ്ടോ? പാപ്പ ചോദിച്ചു.

പത്ത് ഡോളർ സംഭാവന നൽകുന്നതിന് ഒരു ഫോട്ടോഗ്രാഫറെയും മാധ്യമപ്രവർത്തകനെയും കൂട്ടി വന്ന സമ്പന്നന്റെ ഉദാഹരണം പാപ്പ പങ്കുവച്ചു. ഇത് കൈക്കൂലിയാണ്. നമ്മുടെ ത്യാഗങ്ങളിൽ നിന്ന്, പ്രാർത്ഥനയുടെ പ്രവൃത്തികളിൽ നിന്ന്, ദാനധർമ്മങ്ങളിൽനിന്ന് നാം സ്വീകരിക്കുന്ന കൈക്കൂലി. പൊങ്ങച്ചത്തിന്റെ, മറ്റുള്ളവരെ കാണിക്കുന്നതിന്റെ കൈക്കൂലി. അത് കാപട്യമാണ്. അതുകൊണ്ടാണ് പ്രാർത്ഥിക്കുമ്പോൾ രഹസ്യത്തിൽ പ്രാർത്ഥിക്കുക എന്ന് യേശു പറയുന്നത്. ഒരു നന്മ ചെയ്യുമ്പോൾ അതിന് കൈക്കൂലി സ്വീകരിക്കരുതെന്നും അത് പിതാവിനുള്ളതാണെന്നുമാണ് യേശു പറഞ്ഞുവയ്ക്കുന്നത്; പാപ്പ വ്യക്തമാക്കി.

ഏശയ്യായുടെ പുസ്തകത്തിൽനിന്ന് യഥാർത്ഥ ഉപവാസത്തെക്കുറിച്ച് പറയുന്ന ഭാഗം വിശദീകരിച്ചുകൊണ്ട് പാപ്പ ഇപ്രകാരം പറഞ്ഞു. നാ എപ്രകാരമാണ് പ്രാർത്ഥിക്കുന്നതെന്നും ഉപവാസമനുഷ്ഠിക്കുന്നതെന്നും ദാനധർമ്മം ചെയ്യുന്നതെന്നും വിചിന്തനം ചെയ്യുക? 200 യൂറോയ്ക്ക് ഭക്ഷണം കഴിച്ച ശേഷം വീട്ടിലേക്ക് പോകുന്ന വഴി വിശക്കുന്ന ഒരു വ്യക്തിയെ കണ്ടിട്ട് തിരിഞ്ഞുനോക്കാതെ പോകുന്ന ഒരു വ്യക്തിയെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? ഇതിനെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണെന്ന് പറഞ്ഞുകൊണ്ടാണ് പാപ്പ പ്രസംഗം അവസാനിപ്പിച്ചത്.


NEWS & EVENTS