News >> മുൻ ആർമി ഓഫീസർ അൾജീരിയ ബിഷപ്

Source: Sunday Shalom


അൾജീരിയ: ക്രൈസ്തവർ ഏറെ പീഡനങ്ങൾ ഏറ്റുവാങ്ങുന്ന അൾജീരിയയിലേക്ക്, മുൻ പട്ടാളക്കാരനും പിന്നീട് ക്രിസ്തുവിന്റെ പടയാളിയുമായി മാറിയ ഫാ.മാക് വില്യമിനെ ബിഷപായി മാർപാപ്പ നിയമിച്ചു.

ബ്രിട്ടീഷ് ആർമി ഓഫീസറായ അദ്ദേഹത്തിന് മേജറായി സ്ഥാനക്കയറ്റം ലഭിക്കുകയും നേർതേൺ അയർലണ്ടിൽവെച്ച് ഒരിക്കൽ വെടിയേൽക്കുകയും ചെയ്തിട്ടുണ്ട്.
ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ അരങ്ങേറിയ ബ്ലാക് ഡെക്കേഡ് എന്നറിയപ്പെടുന്ന ആ കാലഘട്ടത്തിൽ അൾജീരിയയിൽ താമസമാക്കിയ അദേഹം പിന്നീട് ക്രൈസ്തവരുടെ ശബ്ദമായി മാറുകയായിരുന്നു.

വൈറ്റ് ഫാദേഴ്‌സ് എന്ന സന്യാസസഭയിൽ അംഗമാണ് ഫാ. മാക് വില്യം. അദ്ദേഹം വൈദികനായശേഷം അൾജീരിയയിൽ ക്രൈസ്തവസമൂഹത്തെ പടുത്തുയർത്തുന്നതിനുള്ള ധൈര്യം കാണിച്ചു. ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ലാഗൗഡ്ഡ്-ഗാർഡിയ എന്ന സഹാറ മരുഭൂമിയോട് ചേർന്നുള്ള രൂപതയുടെ ബിഷപ്പായി നിയമിക്കുന്നത്.

മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇവിടെ അദ്ദേഹം നടത്തിയ മാധാനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിത് രാജ്യം വിലയിരുത്തുന്നു.
1994 ൽ ഇസ്ലാമിക് തീവ്രവാദഗ്രൂപ്പുകളുടെ അക്രമം കൊടുമ്പിരികൊണ്ട കാലഘട്ടത്തിൽ വൈറ്റ് ഫാദേഴ്‌സ് മിഷനറിമാരുടെ നാലു വൈദികരെ ടിസിയോസാസു മിഷനിൽ നിന്നും തട്ടിക്കൊണ്ടുപോയി ഭീകരർ വധിച്ചിരുന്നു. രണ്ടു വർഷങ്ങൾക്കുശേഷം ഇസ്ലാമിക് ഭീകരർ ഏഴു ട്രാപ്പിസ്റ്റ് വൈദികരെയും കൊലപ്പെടുത്തി. ക്രൈസ്തവർക്കുനേരെയുള്ള തീവ്രവാദികളുടെ അക്രമങ്ങളെ അവഗണിച്ചുകൊണ്ടാണ് ഫാ.മാക് വില്യം അൾജീരിയയിൽ പുതിയ മിഷൻ സമൂഹം ആരംഭിക്കുന്നത്. ഗവൺമെന്റിന്റെ പട്ടാളവും ഇസ്ലാമിക് ഗ്രൂപ്പുകളും തമ്മിലുള്ള ആഭ്യന്തരയുദ്ധം രൂക്ഷമായതിനെത്തുടർന്ന് അനേകം കമ്പനികളും എമ്പസികളും അടച്ചുപൂട്ടി. എങ്കിലും കത്തോലിക്കസഭ പിടിച്ചുനിന്നു. പീഡനങ്ങൾക്ക് നടുവിലും കത്തോലിക്കസഭ സേവനത്തിന്റെ പാതയാണ് സ്വീകരിച്ചത്. സഹാറ മരുഭൂമി ഉൾക്കൊള്ളുന്ന അദ്ദേഹത്തിന്റെ രൂപതയിൽ ക്രൈസ്തവരുടെ എണ്ണം വളരെ കുറവാണ്.

യുറോപ്പിൽ നിന്നുള്ളവർ അൾജീരിയയിൽ നിന്നുമടങ്ങിയതും, 1962 ൽ സ്വാതന്ത്ര്യം കിട്ടിയതോടെ സ്‌കൂളുകളും ഹോസ്പിറ്റലുകളും സഭക്ക് നഷ്ടമായതും 1990 കളിലെ ക്രൈസ്തവപീഡനവുമാണ് ക്രൈസ്തവരിവി ടെ നാമമാത്രമാകുന്നതിന് കാരണമായത്. സഭക്ക് സ്ഥാപനങ്ങൾ നഷ്ടപ്പെട്ടതോടെ സഭ ജനങ്ങളോട് കൂടുതൽ അടുത്തു വന്നതായി ജനങ്ങൾ കരുതുന്നു. ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സംവാദത്തിന്റെ ജീവിതമാണ് ഇഷ്ടപ്പെടുന്നത്.

അൾജിരിയൻ സഭക്ക് രണ്ടു ഡസനിലേറെ രക്തസാക്ഷികളുണ്ട്. രക്തസാക്ഷികളുടെ ചുടുനീണം വീണുവളർന്ന ക്രൈസ്തവ സഭയിലേക്ക് ഇന്ന് ചെറിയതോതിലെങ്കിലും വിശ്വാസികൾ കടന്നുവരുന്നുണ്ട്.


NEWS & EVENTS