News >> ഏപ്രിലിൽ ഫ്രാൻസിസ് മാർപാപ്പ ഈജിപ്തിലേക്ക്

Source: Sunday Shalom


വത്തിക്കാൻ സിറ്റി: ഏപ്രിൽ 28-29 തിയതികളിൽ ഫ്രാൻസിസ് മാർപാപ്പ ഈജിപ്ത് സന്ദർശിക്കും. മാർപാപ്പയുടെ ഈ വർഷത്തെ ആദ്യ വിദേശരാജ്യസന്ദർശനമാണിത്. കോപ്റ്റിക്ക് ഓർത്തഡോക്‌സ് പാത്രിയാർക്കീസ് ത്വാഡ്രോസ് ദ്വിതീയന്റെയും അൽ അസർ മോസ്‌കിന്റെ ഗ്രാന്റ് ഇമാം ഷെയ്ക്ക് അഹമ്മദ് മൊഹമ്മദ് ഇൽ തയിബിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്‌ദേൽ ഫാത്താഹ് ഇൽ സിസിയുടെയും പ്രാദേശിക ബിഷപ്പുമാരുടെയും സഭയുടെയും ക്ഷണം സ്വീകരിച്ചാണ് ഫ്രാൻസിസ് മാർപാപ്പ ഈജിപ്ത് സന്ദർശിക്കുന്നത്. മതതീവ്രവാദത്തെ ചെറുക്കുന്നതിനായുള്ള മതാന്തരസംവാദത്തിനാകും പാപ്പയുടെ സന്ദർശനത്തിൽ പ്രാധാന്യം നൽകുന്നത്.

പ്രശസ്ത സുന്നി പഠനകേന്ദ്രമായ അൽ അസറിന്റെ ഗ്രാന്റ് ഇമാം അഹമ്മദ് ഇൽ തയിബ് കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചിരുന്നു. തുടർന്ന് മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ പ്രസിഡന്റ് കർദിനാൾ ജീൻ ലൂയിസ് ടൗറാന്റെ നേതൃത്വത്തിലുള്ള സംഘം കെയ്‌റോയിൽ നടന്ന പ്രത്യേക സെമിനാറിൽ പങ്കെടുത്തു. ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തോടെ വത്തിക്കാനും അൽ അസർ സർവകലാശാലയും തമ്മിലുള്ള സംവാദം ഔദ്യോഗികമായി പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


NEWS & EVENTS