News >> വരൂ, നമുക്കൊന്നിച്ച് നടക്കാം ദൈവാലയത്തിലേക്ക്

Source: Sunday Shalom


മലങ്കര ഓർത്തഡോക്‌സ് സഭ 26ന് വാഹനരഹിത ഞായർ ആചരിക്കുന്നു

കോട്ടയം: ലോകഭൗമദിനമായ മാർച്ച് 25-നോടനുബന്ധിച്ച് 26 ഞായറാഴ്ച ആരാധനക്കായി ദൈവാലയത്തിലെത്തുന്നവർ സ്വകാര്യവാഹനങ്ങൾ ഒഴിവാക്കണമെന്ന് മലങ്കര ഓർത്തഡോക്‌സ് സഭ അംഗങ്ങളോട് നിർദ്ദേശിച്ചു.
കാൽനടയായോ സൈക്കിളിലോ പൊതുവാഹനത്തിലോ യാത്ര ചെയ്ത് വാഹനരഹിതഞായർ ആചരിക്കണം. ഓരോ പ്രദേശത്തുമുള്ളവർ ഒന്നിച്ച് കാൽനടയായി ദൈവാലയത്തിലെത്താൻ ശ്രദ്ധിക്കണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഊർജ-ജല സംരക്ഷണ വർഷം ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് വാഹനരഹിത ഞായർ ആഹ്വാനം. ഊർജപ്രതിസന്ധിയും ജലക്ഷാമവും തരണം ചെയ്യാൻ മറ്റ് ക്രിയാത്മക പദ്ധതികളും സഭ നടപ്പിലാക്കുന്നുണ്ട്. സഭയുടെ മാനവശാക്തീകരണവിഭാഗമാണ് പദ്ധതികൾക്ക് നേതൃത്വം നല്കുന്നത്.

നേരത്തേ ഇതു സംബന്ധിച്ച കൽപനയും സഭാധ്യക്ഷനായ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ പുറത്തിറക്കിയിരുന്നു. ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുക, പാരമ്പര്യേതര ഊർജസംവിധാനങ്ങൾ ആശ്രയിക്കുക, പെരുന്നാളുകളും ചടങ്ങുകളും ആർഭാടരഹിതമായും ഊർജോപയോഗം കുറച്ചും സംഘടിപ്പിക്കുക, മഴവെള്ള സംഭരണി നിർമിക്കുക തുടങ്ങിയ നിർദേശങ്ങൾ സിനേർഗിയ എന്ന മാർഗരേഖയിലുണ്ട്.


NEWS & EVENTS